നടതുറപ്പ് മഹോത്സവം 2024

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോൽസവ ദിനങ്ങളിൽ ഭക്തജനങ്ങൾക്ക് ദർശനത്തിനായുള്ള വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ആരംഭിച്ചു. സിനിമാ താരം ശിവദ വെർച്ച്വൽ ക്യൂ ബുക്കിങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ, പ്രസിഡന്റ് പി.യു രാധാകൃഷ്ണൻ, പബ്ളിസിറ്റി സബ് കമ്മറ്റി കൺവീനർ എം.എസ് അശോകൻ, സെക്യൂരിറ്റി ആന്റ് വെർച്ച്വൽ ക്യൂ സബ് കമ്മറ്റി കൺവീനർ എൻ.കെ റെജി തുടങ്ങിയവർ പങ്കെടുത്തു. 12 മുതൽ 23 വരെയാണ് നടതുറപ്പ് മഹോത്സവം. ക്ഷേത്രത്തിന്റെ വെബ്സൈറ്റായ www.thiruvairanikkulamtemple.org വഴി ഭക്തജനങ്ങൾക്ക് വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്. വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ ഭക്തജനങ്ങൾക്ക് സമയബന്ധിതമായി ദർശനം പൂർത്തിയാക്കുന്നതിന് സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർക്ക് ദേവസ്വം പാർക്കിങ്ങ് ഗ്രൗണ്ടുകളായ സൗപർണ്ണിക ,കൈലാസം, തിരുവൈരാണിക്കുളം ജംഗ്ഷൻ എന്നിവിടങ്ങളിലെ വേരിഫിക്കേഷൻ കൗണ്ടറിൽ ബുക്കിങ്ങ് രസീത് നൽകി ദർശന പാസ്സ് വാങ്ങാവുന്നതാണ്.
വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് സാധാരണ ക്യൂവിലൂടെ ദർശനം സാധിക്കുന്നതാണ്.